എ + ബി ദ ഹോള്‍സ്ക്വയര്‍ ഈസ് ഈക്വല്‍ ടു ? ബ്ബ ബ്ബ ബ്ബ ബ്ബ.....
അഞ്ചാം ക്ലാസ്-ആറാം ക്ലാസ് കാലം ആണെന്ന് തോന്നുന്നു. ഏതായാലും
പ്രശ്നമില്ല! കണക്കിന് ഞാന്‍ എന്നും മണ്ടനായിരുന്നു. കണക്കു പഠിക്കില്ല! വാശിയാണ്.
ട്യൂഷന്‍ ഉണ്ട്. എന്നാലും പഠിക്കില്ല. പഠിക്കില്ല എന്ന് മാത്രമല്ല കണക്കു
പരീക്ഷക്ക് നല്ല മാന്യമായി പോരാടി തോല്‍ക്കുകയും ചെയ്യും. ഒടുവില്‍ എന്നെ കണക്കു
പഠിപ്പിക്കുന്ന ഉത്തരവാദിത്വം അച്ഛന്‍ ഏറ്റെടുത്തു.
അച്ഛന്‍ എന്നെ പോലെയല്ല. വളരെ മാന്യനാണ്. കഷ്ടപ്പാടുകളും ദുരിതങ്ങളും
അനുഭവിച്ചു പഠിച്ച ആളാണ്. അവരുടെയൊക്കെ കാലത്ത് സ്കൂളില്‍ പോകുന്ന വഴികളില്‍
കല്ലും മുള്ളും കുപ്പിച്ചില്ലും ഒക്കെ വിതറുന്ന രീതി നിലവില്‍ ഉണ്ടായിരുന്നു എന്ന്
തോന്നുന്നു. ആ കഥ കുറെ പ്രാവശ്യം ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ടാണെന്ന്
തോന്നുന്നു അച്ഛന്‍ എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് ആയിരുന്നു. ഞാനോ? ഒന്നാം
റാങ്ക് മേടിക്കുന്നവനെ ഒളിഞ്ഞു ഇരുന്നു ഇടിക്കുന്ന ടീമും.
ഏതായാലും, കണക്കു പഠിത്തം തുടങ്ങി. ചാക്കോ മാഷ് തോറ്റ് പോകുന്ന
രീതിയില്‍ ആണ് അഛന്റെ അധ്യാപന രീതി. ഒരു വലിയ വടി എപ്പോഴും മേശപ്പുറത്തു ഉണ്ടാവും.
ഒരു മാതിരി അടിയന്തിരാവസ്ഥ കാലത്തെ പോലീസ് സ്റ്റേഷന്‍ പോലെയാണ് മുറി. പഠിത്തം ഉപേക്ഷിച്ചു നക്സലൈറ്റ് ആവാനുള്ള
ത്വരയുമായി ഞാനും, എന്നെ മര്‍ദിച്ചു നേര്‍വഴിക്കാക്കാന്‍ അച്ഛനും പ്രതിജ്ഞയെടുത്ത്
ഇരിക്കുന്ന സമയം. ആദ്യമാദ്യം പുസ്തകത്തില്‍ കാണുന്ന കണക്കുകള്‍
ആയിരുന്നു തന്നിരുന്നത്. എങ്ങനെ ആണെന്ന് അറിയില്ല, തെറ്റിയാല്‍ അച്ഛന്‍
കണ്ടുപിടിക്കും. എന്നിട്ട് തല്ലും. ട്യൂഷന്‍ തന്നിരുന്ന ടീച്ചര്‍ പറയുന്ന രീതിയില്‍
ചെയ്തു ഇനി ശരിയുത്തരം കണ്ടെത്തിയാല്‍ തന്നെ അച്ഛന്റെ രീതി അനുസരിച്ച് ഞാന്‍
കണക്കു ചെയ്ത രീതി തെറ്റായിരിക്കും. അങ്ങനെ സഹികെട്ടപ്പോള്‍ ഞാന്‍ എന്നെ ട്യൂഷന്
വിടുന്നതിന്റെ പ്രസക്തി എന്തെന്ന് തിരക്കി. അതിനും കിട്ടി അടി. കണക്കുകള്‍ വീണ്ടും
തന്നിട്ട് അച്ഛന്‍ എഴുന്നേറ്റു പോകും. അപ്പോള്‍ ഞാന്‍ വിവിധതരം പ്രതികാരങ്ങളെ കുറിച്ച്
ചുഴിഞ്ഞാലോചിക്കും; നാട് വിട്ടു ഓടിപ്പോയിട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു
ലോറിയുമായി വരുന്നത്.... അല്ലെങ്കില്‍ ഒരു ഗജപോക്കിരിയായി മാറി അച്ഛന് പേരുദോഷം
സൃഷ്ടിക്കുന്നത്... അങ്ങനെ അങ്ങനെ...
അങ്ങനെ ഒരു അധ്യയന ദിവസത്തിന്‍റെ അന്ത്യം... എന്‍റെ രണ്ടു മണിക്കൂര്‍
സ്വാതന്ത്ര്യം തുടങ്ങി. ചെയ്യാന്‍ ഒന്നുമില്ലാതെ, ഒരു ദിവസം നീണ്ട പീഡനത്തിന്റെ
മരവിപ്പുമായി ഞാന്‍ വീട്ടിനകത്ത് കറങ്ങി നടക്കുന്ന സമയം. അച്ഛന്‍ എന്‍റെ കണക്കുകള്‍
വിചാരണ ചെയ്തു, തെറ്റുകള്‍ കണ്ടെത്തി ശിക്ഷാവിധികള്‍ എന്തെന്ന് ചിന്തിക്കാനുള്ള
ശ്രമത്തിലാണ്. ഞാന്‍ നോക്കുമ്പോള്‍, അച്ഛന്‍ കസേരയില്‍ കയറി നിന്ന് കൊണ്ട്
മന്നത്ത് പദ്മനാഭന്റെ ഫോട്ടോക്ക് പിന്നില്‍ നിന്നും എന്തോ എടുക്കുകയാണ്. എന്താണത്?
എന്നിലെ കുറ്റാന്വേഷണ ത്വര ഉണര്‍ന്നു. മറഞ്ഞു നിന്ന് ഞാന്‍ നോക്കി. ഒരു വി-ഗൈഡ്!!! വി-ഗൈഡ്
എന്ന് പറഞ്ഞാല്‍ അന്ന് കുട്ടികളുടെ ബൈബിള്‍ ആണ്. എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട് ഈ
സാധനം. ചുമ്മാ കാണാതെ പഠിച്ചു പരീക്ഷ പേപ്പറില്‍ അങ്ങ് അപ്പിയിട്ടു വെച്ചാല്‍ മതി.
മാര്‍ക്കും കിട്ടും. ഒരു തരത്തില്‍ ടീച്ചര്‍മാരും ഈ സാധനം പ്രോത്സാഹിപ്പിക്കാറുണ്ട്.
അവര്‍ക്ക് പഠിപ്പിക്കെണ്ടല്ലോ. ആ സാധനമാണ് അച്ഛന്‍ മന്നത്ത് പദ്മനാഭന്റെ ഫോട്ടോക്ക്
പിന്നില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. കാര്യം മന്നത്ത് പദ്മനാഭന്‍ നായന്മാരെ
സഹായിച്ചിട്ടുള്ള ആളാണ്. നായര്‍ സമുദായത്തിന്‍റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള
ആളാണ്. എന്നിട്ടാണ് നായരായ എന്നോട് ഈ ചതി. ക്ഷമിക്കുമോ, ഞാന്‍?
അച്ഛന്‍ എന്‍റെ കണക്കുകള്‍ പരിശോധിച്ചു. വി-ഗൈഡിന്‍റെ രീതിയില്‍
ചെയ്യാത്ത കണക്കുകള്‍ വീണ്ടും ചെയ്യാനുള്ള ശിക്ഷ വിധിച്ചു. അപ്പോള്‍, വി- ഗൈഡ് ആണ്
പ്രശ്നം. ഉത്തരം എങ്ങനെ വി-ഗൈഡ് പരുവത്തില്‍ ആക്കും എന്നത് മനസ്സിലാക്കാനും
സാധിക്കുന്നില്ല... കാരണം ഈ സാധനം വാങ്ങിയിരിക്കുന്നത് എനിക്ക് വേണ്ടിയല്ലല്ലോ.
മര്‍ദ്ദന മുറകള്‍ക്ക് എന്നെ വിധേയാനാക്കാന്‍ വഴി തെളിക്കുന്ന ഒരു നിയമാവലി
മാത്രമായിട്ടാണ് എനിക്കത് തോന്നിയത്. കൊളോണിയല്‍ നിയമ വ്യവസ്ഥക്കെതിരെ ഭഗത്സിങ്ങും
മറ്റും പോരാടിയിട്ടുണ്ടല്ലോ. അതെ പോലെ തന്നെ കണക്കു ഇഷ്ടമല്ലാത്ത എന്‍റെ
വ്യക്തിത്വത്തെ അടിച്ചമര്‍ത്തുന്ന ആ വി-ഗൈഡും ഇല്ലായ്മ ചെയ്യാന്‍ ഞാന്‍
തീരുമാനിച്ചു.
അച്ഛന്‍ ഏതോ പാര്‍ട്ടിമീറ്റിങ്ങിനു പോയ സമയം ഞാന്‍ കൃത്യം നിര്‍വഹിച്ചു.
മന്നത്ത് പദ്മനാഭന്റെ ഫോട്ടോയുടെ പിന്നില്‍ നിന്നും വി ഗൈഡ് എടുത്തു പറമ്പിന്റെ ഒരു
അറ്റത്ത് കൊണ്ട് പോയി, തീയിട്ടു ചുട്ടു. അതിന്‍റെ ചാരത്തില്‍ നിന്നും ഉയര്‍ന്ന പുക
ഒന്ന് ആഞ്ഞു ശ്വസിച്ചു ആത്മനിര്‍വൃതി അടഞ്ഞ ശേഷം ഞാന്‍ വീടിനകത്തേക്ക് പാഞ്ഞു.
പി. എസ്. : എന്‍റെ പ്രതീകാത്മക വിപ്ലവത്തെക്കാള്‍ അച്ഛനെ രോഷം
കൊള്ളിച്ചത് പുള്ളി ഒളിപ്പിച്ചു വെച്ചിരുന്ന വി-ഗൈഡ് ഞാന്‍
കണ്ടുപിടിച്ചതിലായിരുന്നു. കിട്ടി തല്ല്, അതിനു.
Comments