Contradictory Co-Existence

Contradictory Co-Existence

എഴുത്തുകാരന്‍ പുറത്തിറങ്ങി.

വീട് പൂട്ടാന്‍ അറിഞ്ഞു കൊണ്ട് തന്നെ മറന്നു. ബുദധിജീവിയാണല്ലോ! അത് നാട്ടുകാര്‍ കൂടി അറിയട്ടെ. അല്ലെങ്കില്‍ തന്നെ ഒരു നാറിയ ജൂബ്ബയും രണ്ടു മുഷിഞ്ഞ മുണ്ടും ആരെടുക്കാനാ ഈ വന്ന കാലത്ത്? പുസ്തകങ്ങള്‍ പണ്ടേ ആര്‍ക്കും വേണ്ട! എല്ലാവര്ക്കും പത്രങ്ങള്‍ വായിച്ചാല്‍ മതി. രാവിലെ തന്നെ രണ്ടു മൂന്നു കൊലപാതകങ്ങളുടെയും അഞ്ചാറ് ബലാത്സംഗത്തിന്റെയും വിവരങ്ങള്‍ വായിച്ചാലേ ഒരു ഉണര്‍വ്‌ ഉണ്ടാവൂ. അതൊക്കെ പോട്ടെ. എഴുത്തുകാരന്‍ വേഗം നടന്നു. നഗരത്തിലേക്കുള്ള ബസുകള്‍ വരുന്ന സ്റൊപ്പിലേക്ക് അധികം ദൂരം ഒന്നുമില്ല. ഒന്നും ആലോചിക്കാനില്ല. അത് കഷ്ടമാണ്. ബുദ്ധിജീവി ആണല്ലോ, എന്തെങ്കിലും ആലോചിച്ചേ പറ്റൂ. അല്ലെങ്കില്‍ ആലോചിക്കുന്നതായി അഭിനയിക്കുകയെന്കിലും വേണം. അയാള്‍ ആലോചിക്കാന്‍ തുടങ്ങി. എന്താണ് സോഷ്യലിസം? വേണ്ട! അതിനെ കുറിച്ച് ആലോചിക്കാന്‍ ഇവിടെ വേറെ ആളുണ്ട്. അപ്പോള്‍ പിന്നെ എന്താ? ആ! കിട്ടി. വൈരുധ്യാത്മക സഹപ്രവര്തിത്വം..... ഇന്നലെ ആരോ എവിടോ ഇതിനെ കുറിച്ച് പറയുന്നത് കേട്ടിരുന്നു. ഓ! അതെ. പാര്‍ട്ടി മീറ്റിംഗ്. അവിടെ ആരോ പറയുന്നത് കേട്ടു. ആരും അതെന്താണ് എന്ന് ചോദിക്കുന്നത് കേട്ടില്ല. അത് കൊണ്ട് താനും ചോദിച്ചില്ല.

“പ്ഭ! പൊലയാടി മോനെ, എവിടെ നോക്കിയാടാ നടക്കുന്നത്”

“ക്ഷമിക്കണം സഹോദരാ, കണ്ടില്ല.”

“സഹോദരന്‍! നിന്റെമ്മേടെ......!”

നടന്നേക്കാം! അതാണ്‌ നല്ലത്. ഇനി ഇതിനെയാണോ വൈരുധ്യാത്മക സഹപ്രവര്തിത്വം എന്ന് വിളിക്കുന്നത്‌?? ഏയ്‌, അങ്ങനെയാണെങ്കില്‍ സഖാവ് നായര്‍ അങ്ങനെ പറയില്ലല്ലോ. പണ്ട് പഠിച്ച കോളേജിന്റെ മുന്പിലെത്ത്തിയപ്പോള്‍ അയാള്‍ മെല്ലെ നടന്നു. ഉള്ളിലേക്ക് നോക്കാന്‍ ധൈര്യം വന്നില്ല. ഭീമാകാരമായ യുവാക്കന്മാര്‍ അതിലും ഭീമാകാരമായ ഇരുചക്ര വാഹനങ്ങളില്‍ ഉള്ളിലേക്ക് പാഞ്ഞു പോയി. യുവതീയുവ്വക്കന്മാര്‍ പരസ്പരം സംസാരിച്ചു നില്‍ക്കുന്നു. എന്തൊരു കാലക്കേട്. കോളേജിന്റെ അന്തസ്സ് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. യുവതികല്ല്ക് മാനാപമാനങ്ങളില്‍ വിശ്വാസം നശിച്ചിരിക്കുന്നു. കണ്ടവന്മാരോട് കൊന്‍ച്ചികുഴഞ്ഞു നടക്കാന്‍ മാത്രമേ ഇവര്‍ക്കൊക്കെ ഇപ്പോള്‍ താല്പര്യമുള്ളൂ. പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോയാല്‍ പോരെ?

കോളേജ് റോഡ്‌ ക്രോസ് ചെയ്തതിനു ശേഷം അയാള്‍ ബസ്സ് സ്ടാന്റിലേക്ക് നടക്കാന്‍ തുടങ്ങി. വഴിയിലെ ഒരു കടയില്‍ മാസികകള്‍ നിരത്തി വെച്ചിരിക്കുന്നു. ഒരു മാദക നടിയുടെ ചിത്രമുള്ള വാരിക വാങ്ങിയതിന് ശേഷം അയാള്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനുള്ളിലേക്ക് കയറി. ഈ നടിയും ഒരു സൂപ്പര്‍ താരവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥയാണ് മാസികയുടെ ഈ ആഴ്ചത്തെ ചര്‍ച്ച വിഷയം. ബുദ്ധിജീവികള്‍ക്ക്, പറ്റിയ കഥയാണ്. ചിലപ്പോള്‍ അടുത്ത ചെറുകഥക്കുള്ള കാമ്പ്‌ ഇതില്‍ നിന്നും കണ്ടെത്താന്‍ പറ്റിയേക്കും. ബസ്സ്‌ സ്ടാന്റിന്റെ അപ്പുറത്തുള്ള കനാലില്‍ നിന്നും ബോട്ടുകളുടെ ഇരമ്പം കേള്‍ക്കാമായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്ന് അപ്പോഴാണ്‌ അയാള്‍ ആലോചിക്കുന്നത്? ഉടന്‍ തന്നെ പുറത്തിറങ്ങി. ചുറ്റുമുള്ള ബസ്സുകളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ വയ്യിച്ചു തീര്‍ന്നിട്ടും പോകാന്‍ പറ്റിയ ഒരു സ്ഥലവും അയാള്‍ക്ക്‌ കണ്ടെത്താന്‍ പറ്റിയില്ല. ഒടുവില്‍ നേരെ ബോട്ട് ജെട്ടിയിലേക്ക് നടക്കാമെന്ന് തീരുമാനിച്ചു. ദൂരെ കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു. കുടയുണ്ടോ? തുണി സഞ്ചിക്ക് ഭാരം കുറവായിരുന്നു. അപ്പോള്‍ കുട എടുത്തിട്ടില്ല. അല്ലെങ്കിലും മഴ വന്നാല്‍ ആ കുട കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാവില്ലല്ലോ..

ബോട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ ഡ്രൈവര്‍ പുറത്തേക്കു ഇറങ്ങുന്നത് കണ്ടു.

“എപ്പോ എടുക്കും?”

“ഇപ്പൊ എടുക്കും”

“അതിനു ആരും വന്നിട്ടില്ലല്ലോ...”

“ആരാ വരാനുള്ളത്?”

“എന്‍റെ ആരും വരാനില്ല.”

“പിന്നെ............”

“ഞാനുദ്ദേശിച്ചത് മറ്റു യാത്രക്കാരെയാണ്....”

“ദൂരെ കോള് കൂടുന്നത് കണ്ടോ സാറേ... ഇതിപ്പോ എടുത്തില്ലെങ്കില്‍ അങ്ങ് ചെല്ലുന്നതിനു മുന്‍പ് മഴ പെയ്യും”.

അയാള്‍ സീറ്റിലിരുന്നു. ഡ്രൈവര്‍ സിമന്റ്‌ ബെഞ്ചില്‍ ഇരുന്നിട്ട് ഒരു സിഗരറ്റ് കത്തിച്ചു. രണ്ടു പുക എടുത്തതിനു ശേഷം അയാള്‍ ബോടിനുള്ളിലേക്ക് കയറി. അയാളുടെ പിന്നാലെ പെട്ടെന്ന് തന്നെ ഒരു വൃദ്ധ ബോടിനുള്ളിലേക്ക് ചാടിക്കയറി. ഡ്രൈവര്‍ ഞെട്ടി തിരിഞു.

“എന്‍റെ അമ്മച്ചീ, തല അടിച്ചു വീണു എന്തെങ്കിലും പറ്റിയാല്‍ എന്‍റെ പണി പോകും! വയസ്സായാല്‍ എങ്കിലും ഒരു മര്യാദക്ക് നടക്കരുതോ......?”

“ഞാന്‍ വിചാരിചെടാ, നീ ബോട്ട് എടുക്കാന്‍ പോകുവാന്ന്‍......”

“ഇക്കണക്കിനു ഞാന്‍ ബോട്ട് എടുത്തിരുന്നെങ്കിലോ?, കനാലില്‍ വീണു ചത്ത്‌ പോയേനെമല്ലോ?”

വൃദ്ധ ചിരിച്ചു കൊണ്ട് ഒരു സൈഡ് ബെഞ്ചില്‍ ഇരുന്നു. എഴുത്തുകാരന്‍ മാസികയിലേക്ക് മടങ്ങി. ബോട്ട് നീങ്ങാന്‍ തുടങ്ങി. കുറെ ബോട്ടുകളുടെ അവശിഷ്ടങ്ങള്‍ കനാലില്‍ അവിടവിടെയായി പൊങ്ങി നിന്നിരുന്നു. കാലം കഴിഞ്ഞിട്ടും ഓര്‍മകളുടെ പ്രളയത്തില്‍ മുങ്ങാന്‍ മടിച്ചു കൊണ്ട്. ദ്രവിച്ച തടി ചീളുകള്‍ ഈര്‍പ്പം പടര്‍ന്നു കയറി തോറ്റു നില്‍പ്പുണ്ടായിരുന്നു. വൃധെ അതിലേക്കു തന്നെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. ഒരു ചത്ത പട്ടിയുടെ ശവം പൊങ്ങി നീന്തി പ്പോയി. രണ്ടു ബോട്ടുകള്‍ ഒന്നിന് പിറകെ ഒന്നായി എതിരെ വരുന്നുണ്ടായിരുന്നു. മുകള്‍ തട്ടില്‍ മദാമ്മകള്‍ നഗ്നമായ കാലുകള്‍ കാട്ടി നിന്ന് ആഹ്ലാദിച്ചു. ഒരുവള്‍ തന്റെ പടം എടുത്തപ്പോള്‍ അയാള്‍ക്ക്‌ പ്രതികരിക്കാന്‍ കഴിഞ്ഞില്ല, വൃദ്ധ ചുണ്ടുകള്‍ വിടര്‍ത്തി ചിരിക്കുന്നുണ്ടായിരുന്നു. മദാമ്മകള്‍ തിരിച്ചും ചിരിച്ചു കൊണ്ട് കൈകള്‍ വീശി.

“നിനക്ക് പേരയ്ക്ക വേണോ?”, വൃദ്ധ ചോദിച്ചു.

“ങേ!”

“ങ്ങോ! അല്ല പിന്നെ, പേരയ്ക്ക വേണോന്ന് ചോദിച്ചപ്പോള്‍ “ങേ”ന്നോ?”

“ആ, തന്നേക്കൂ...”

“ഇന്നാ ഒരെണ്ണം ആ ഡ്രൈവര് ചെക്കന് കൊണ്ട് കൊടുക്ക്‌....എനിക്കിപ്പോ മോളിലേക്ക് കയരനോന്നും വയ്യ!”

അയാള്‍ മുഴുത്ത ഒരു പെരക്കയും കൊണ്ട് മുകള്‍ തട്ടിലെക്ക് കയറി. ഡ്രൈവര്‍ ഒരു കൈ വലയത്തില്‍ പിടിച്ചു മറ്റെ കൈയില്‍ സിഗരറ്റുമായി അലക്ഷ്യ ഭാവത്തില്‍ ദൂരേക്ക്‌ കണ്ണും നട്ടു ഇരിക്കുകയാണ്, താന്‍ നയിക്കുന്ന നൌക പായല്‍ പോളകളെ കീറി മുറിച്ചു കണ്ണെത്താ ദൂരത്തേക്ക്‌ പോകുന്നതും നോക്കി.

“പേരയ്ക്ക! ആ അമ്മുമ്മ തന്നതാ....”

“ഓ! തള്ളക്ക് ഇതിന്‍റെ പണിയുണ്ടോ... നന്നായി! എന്തെക്കിലും ചവക്കനില്ലാതെ ഇരിക്കുവാരുന്നു.”

എഴുത്തുകാരന്‍ ചിരിച്ചു. എന്നിട്ട് താഴേക്കു പോയി ഇരിന്നു. മഴ ചാറാന്‍ തുടങ്ങിയിരുന്നു. വൃദ്ധ ജനല്‍ സീറ്റില്‍ നിന്നും അല്പം ദൂരത്തേക്ക് മാറിയിരുന്നു. കായലിന്റെ പരപ്പുകളില്‍ മഴ ഒരു പെന്‍സില്‍ ചിത്രത്തിലെന്ന പോലെ ഷേഡുകള്‍ കോറിയിടാന്‍ തുടങ്ങി. അത് മെല്ലെ നീങ്ങി നീങ്ങി പോകുന്നത് നോക്കി അയാള്‍ ഇരുന്നു. മാദക നടി മഴ വെള്ളത്തില്‍ കുതിരാന്‍ തുടങ്ങി. അയാള്‍ മാസിക അല്പം അകലെയുള്ള ഒരു സീറ്റിലേക്ക് മാറ്റിയിട്ടു.

“മഴ നേരത്തെയാനല്ലോ ഈ ഇക്കുറി. കൊയ്യാന്‍ ബാക്കി കേടക്കുവാ അപ്പുറത്ത്.”

“ഉം”

“എന്തോന്ന് ‘ഉം’! നിനക്ക് അതിനെ കുറിച്ച് വല്ലോം അറിയമോടാ കൊച്ചനെ.. എന്നിട്ട് ചുമ്മാ ഇരുന്നു ഒരു ‘ഉം’.”

അയാള്‍ ഞെട്ടി. വൃദ്ധ പറഞ്ഞത് സത്യമാണ്. തനിക്ക് അതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല. എന്നാലും ഇവര്‍ക്ക് അതെങ്ങനെ മനസ്സിലായി.?

“ഇതുപോലെ ഉടുപ്പും ഇട്ടു, താടീം വളര്‍ത്തി കൊറേ എണ്ണം പണ്ടും നടപ്പുണ്ടാരുന്നു. മനുഷ്യന് മനസിലാവാത്ത കാര്യങ്ങള്‍ പറഞ്ഞും ... പെണ്ണുങ്ങളെ പെഴപ്പിച്ചും.... മേലനങ്ങാത ചോറ് ഉണ്ടും...”

അയാള്‍ താഴെ നോക്കിയിരുന്നു. ബോട്ടിനു ഉലച്ചില്‍ ഉണ്ടാവാന്‍ തുടങ്ങി. മഴതുള്ളികള്‍ മുകള്‍ തട്ടില്‍ വീഴുന്ന ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. അത് അയാളുടെ ഓര്‍മപ്പാചിലുകള്‍ക്ക് പശ്ചാത്തലസംഗീതം സൃഷ്ടിച്ചു.

“നിങ്ങളുടെ ജാതി ഞങ്ങള്‍ക്ക് അറിയേണ്ട, മതം ഞങ്ങള്‍ക്ക് അറിയേണ്ട, ദൈവം ഞങ്ങള്‍ക്ക്‌ അറിയേണ്ട. നിങ്ങള്‍ മനുഷ്യനാണോ? അത് മാത്രം മതി. മണ്ണില്‍ പണി എടുക്കുന്ന കര്‍ഷകര്‍ ആണോ? അത് മാത്രം അറിഞ്ഞാല്‍ മതി. നിങ്ങള്‍ വഞ്ചിക്കപ്പെടുന്നുണ്ടോ? അത് മാത്രം അറിഞ്ഞാല്‍ മതി. ഓരോ തുള്ളി ചോരയും ഒരായിരം തുള്ളി വിയര്‍പ്പാക്കി നിങ്ങള്‍ പണി എടുക്കുന്ന ഈ മണ്ണില്‍ നിങ്ങല്ല്ക്ക് അവകാശം ഉണ്ടോ? നിങ്ങള്ക്ക് കിട്ടുന്ന കൂലി കൊണ്ട് നിങ്ങളുടെ കുട്ടികളുടെ വിശപ്പ്‌ അടക്കാന്‍ നിങ്ങള്ക്ക് സാധിക്കുന്നുണ്ടോ? ഉണ്ടോ?.................... അത് മാത്രം അറിഞ്ഞാല്‍ മതി.”

“നായിന്‍റെ മക്കള്..ഇപ്പൊ അധികാരം കിട്ടുമ്പോള്‍ നമ്മലെയാരേം വേണ്ട. ആരേം കാണണ്ട. ആപ്പീസ് കെട്ടിടത്തിനു മുന്‍പില്‍ രണ്ടു ദിവസം മുഴുവന്‍ കുത്തിയിരുന്നാല്‍ ആരും ചോദിക്കുകേല എവിടുന്നാന്നോ, എന്താന്നോ, ഒന്നും..........ഇവന്‍റെയൊക്കെ അപ്പന്മാരെ നമ്മള് ഒളിപ്പിച്ചു ഇരുത്തീട്ടൊണ്ട്. പിള്ളാര്‍ക്ക് പോലും കഞ്ഞി കൊടുക്കാതെ അവനൊക്കെ കൊടുത്ത്തിട്ടോണ്ട്.. അതിന്റെയൊക്കെ ഓര്‍മ്മേം അവനൊക്കെ ഒണ്ടാരുന്നു. ചാവുന്ന വരെ കാണാന്‍ വരുമാരുന്നു.... അവരെയൊക്കെ ഓര്‍ത്തിട്ടു മാത്രമാ ഇപ്പോഴത്തെ കഴുവേറികള്‍ക്കൊക്കെ ഓട്ടു കുത്തുന്നെ! അടുത്ത തവണ ഏലക്കനു ഓട്ടു പിടിക്കാനിങ്ങു വരട്ടെ. അരിവാള്‍ എടുത്തു വെട്ടും ഞാന്‍......

“ആരെ?”

“നിന്‍റെയൊക്കെ മറ്റവന്‍മാരെ, അല്ല പിന്നെ”

“തള്ള വല്യ കോണ്‍ഗ്രസ്‌ ആണല്ലോ.”, ഡ്രൈവറുടെ ഒച്ച മഴയെ ഭേദിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.

“നിന്‍റെ അപ്പനാടാ കോണ്‍ഗ്രെസ്സു”

അയാള്‍ ഉച്ചത്തില്‍ ചിരിച്ചു. തള്ളയും ചിരിക്കാന്‍ തുടങ്ങി. എഴുത്തുകാരന്‍ ചിരിക്കാന്‍ ശ്രമിച്ചു.

“നീയൊന്നും വിചാരിക്കണ്ട. നിന്നെയല്ല ഞാന്‍ പറഞ്ഞത്. വെഷമം കൊണ്ട് ഓരോന്ന് പറഞ്ഞ് പോകുന്നതാ. അതിലങ്ങനെ വലിയ കാരിയം ഒന്നുമില്ല.”

“അത് സാരമില്ല. എനിക്കങ്ങനെ ഒന്നും തോന്നിയില്ല.”

ചെറിയ തോതില്‍ കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. അയാള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. തണുത്ത കാറ്റ് മെല്ലെ മെല്ലെ ആളുടെ കുപ്പായത്തിന്റെ അതിരുകളെ നിസ്സാരമാക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട് മരവിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തുണി സഞ്ചി ശരീരത്തോട് ചേര്‍ത്ത് പിടിച്ചു. ചിലപ്പോള്‍ ബോട്ടിന്‍റെ ഒച്ചയും വേഗവും തമ്മില്‍ പൊരുത്തക്കെടുണ്ടാവുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു. കായലിന്‍റെ പരപ്പു ഏതോ താണ്ഡവ നൃത്തത്തിനു താളം പിടിക്കുന്ന പോലെ ഇളകുന്നുണ്ടായിരുന്നു. വൃദ്ധയുടെ സഞ്ചിയില്‍ നിന്നും ഒരു രണ്ടു മൂന്നു പേരക്കകള്‍ താഴേക്ക് ഉതിര്‍ന്നു വീണു. അയാള്‍ അത് ഉരുണ്ടു ദൂരേക്ക്‌ പോകുന്നതിനു മുന്‍പ് പിടിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി.

“അത് പൊക്കോട്ടെ. ബോട്ട് നിന്നിട്ട് എടുക്കാം. മോന്‍ അവിടിരി.”

അയാള്‍ കൈയില്‍ കിട്ടിയ ഒരെണ്ണം അവര്‍ക്ക് നേരെ നീട്ടി. ഒരു ചിരിയോടെ അവരത് തിരികെ സഞ്ചിയില്‍ വെച്ചു. ഓളങ്ങള്‍ മാറി തിരകള്‍ ആയി. തന്‍റെ തന്നെ ആലോചനകള്‍ കേള്‍ക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടോ എന്ന് അയാള്‍ ആലോചിച്ചു. ബോട്ടിന്‍റെ പിന്‍ഭാഗത്ത്‌ വാതില്പ്പടിയുടെ താഴെ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മാദകനടി നീന്തി തുടിച്ചു. എപ്പോഴോ കാറ്റ്‌ അടിച്ചപ്പോള്‍ പോയതാവണം. ബോട്ട് കാറ്റിനെ വെല്ലു വിളിക്കുന്ന ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി.

“ഇതെന്താ ഇങ്ങനെ? സാധാരണ ഈ സമയത്ത് കാറ്റ്‌ ഉണ്ടാവതില്ലല്ലോ.. കര്‍ക്കിടകം ആവുന്നതല്ലേ ഒള്ളോ?

‘ഉം’

“അതിനും ഉം”

അയാള്‍ ചിരിച്ചു. ഇപ്പോള്‍ തീരങ്ങള്‍ അപ്രത്യക്ഷം ആയിരിക്കുന്നു. ഒരു കടലില്‍ കൂടെയാണോ താന്‍ സഞ്ചരിക്കുന്നത് എന്ന് അയാള്‍ക്ക് തോന്നി. ബോട്ട് ഇപ്പോള്‍ ക്രമാതീതമായി ആടാന്‍ തുടങ്ങി. വൃദ്ധ സീറ്റിന്റെ കമ്പിയില്‍ മുറുകെ പിടിച്ചു ഇരിക്കയാണ്. അയാള്‍ അവരെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“മോന്‍ പേടിക്കണ്ട. ഇതിപ്പോ വന്ന പോലെ ‘ശും’ എന്നങ്ങു പോകും.”

“ഉം”

അവര്‍ രണ്ടു പേരും ഒരുമിച്ചു പൊട്ടിച്ചിരിച്ചു. ബോട്ട് പെട്ടെന്ന് ഒന്ന് ചാടി ഉയര്‍ന്നു താഴ്ന്നു. എഴുത്തുകാരന്‍ തെറിച്ചു തറയില്‍ വീണു. വൃദ്ധ അയാള്‍ക്ക് കൈ കൊടുക്കാന്‍ ശ്രമിച്ചു. അയാള്‍ ബലമുള്ള ആ ചെറിയ കൈകളില്‍ പിടിച്ചു അവരുടെ അടുത്തേക്ക് ഇരുന്നു.

“അവന്‍ അവിടെ എന്തോടുക്കുവാ? ബോട്ട് ഓടിക്കുവന്നും പറഞ്ഞോണ്ട്.. ഇതെന്നാ അഭ്യാസമാ എന്നൊന്ന് ചോദിച്ചേ കുഞ്ഞേ.....”

അയാള്‍ മെല്ലെ കമ്പികളില്‍ പിടിച്ചു കോണിയുടെ അടുത്തേക്ക് നടന്നു. മുകളിലത്തെ തട്ടില്‍ നിന്നും വെള്ളം താഴേക്ക്‌ ഒഴുകുന്നുണ്ടായിരുന്നു. അത് അവഗണിച്ചു അയാള്‍ കോണി കയറി മുകളില്‍ ചെന്നു. ഡ്രൈവര്‍ ദൂരേക്ക്‌ നോക്കി കസേരയില്‍ ഇരിപ്പുണ്ട്. രണ്ടു കൈയും താഴെക്കിട്ടിട്ടാണ് അയാള്‍ ഇരിക്കുന്നത്. അടിമുടി നനഞ്ഞിരിക്കുന്നു. പുറത്തു വ്യാപിച്ച ഇരുട്ട് അയാളുടെ മുഖത്തെ ഭാവത്തെ അവ്യക്തമാക്കിയിരുന്നു. പാതി തിന്ന ഒരു പേരയ്ക്ക വലയത്തിന്റെ അപ്പുറത്തെ ചതുര തടി ബോര്‍ഡില്‍ ഓടിക്കളിച്ചു. ബോട്ട് ഒന്ന് കൂടി ആടി. ഡ്രൈവര്‍ സീറ്റില്‍ നിന്നും ചെരിഞ്ഞു താഴേക്ക്‌ വീണു. എഴുത്തുകാരന്‍ കോണിയില്‍ നിന്നും താഴേക്കിറങ്ങി.

“എന്താ അവന്‍ അവിടെ ചെയ്യുന്നേ?”

“ഇപ്പൊ എത്തും”

“ഓ”

അയാള്‍ അവരുടെ അടുത്തിരുന്നു. ബോട്ട് ആടുന്നത് കൂടിക്കൊന്ടെയിരുന്നു. ഒരു മൂടല്‍ മഞ്ഞു പോലെ എന്തോ ഒന്ന് ബോട്ടിനെ ചുറ്റി നില്‍ക്കുന്നതായി അയാള്‍ക്ക് തോന്നി. പുറത്തു ഇരുട്ട് മാത്രമായി. പിന്നെ കാറ്റിന്റെ ശകാരവും. ഒടുവില്‍ ഇന്നത്തെ യാത്രയിലദ്യമായി എങ്ങോട്ടാണ് പോകുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായി. പക്ഷെ കഥ എഴുതാന്‍ കടലാസും പേനയും അയാള്‍ കരുതിയിട്ടില്ലായിരുന്നു.

അടുത്ത രാത്രി എഴുത്തുകാരനും വൃദ്ധയും കൈ കോര്‍ത്ത്‌ പിടിച്ചു കായില്‍ നീന്തി നടന്നു.

വൈരുധ്യാത്മക സഹപ്രവര്തിത്വം അഥവാ contradictory co-existence.